അയോധ്യയില്‍ പള്ളി വേണ്ട ; വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ

അയോധ്യയില്‍ പള്ളി പണിയാന്‍ മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്നു ഹിന്ദു മഹാസഭാ. തര്‍ക്കഭൂമി ക്ഷേത്രത്തിന്റേതെന്ന് കണ്ടെത്തിയതിനു ശേഷം എന്തിനാണ് പള്ളി പണിയാന്‍ സ്ഥാനം നല്‍കുന്നതെന്നാണ് ഹിന്ദു മഹാസഭ ചോദിക്കുന്നത്. ക്ഷേത്രം തകര്‍ത്ത് പള്ളി പണിതവര്‍ക്ക് സ്ഥലം നല്‍കേണ്ട ആവശ്യമില്ലെന്നും മഹാസഭ വാദിക്കുന്നു.

പുന:പരിശോധന ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് മഹാസഭ ഭാരവാഹികളും മുതിര്‍ന്ന അഭിഭാഷകരും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.കഴിഞ്ഞദിവസമാണ് വര്‍ഷങ്ങള്‍നീണ്ട അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയുന്നതിന് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനും ശതാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിനും ശേഷമാണ് കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറഞ്ഞത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടായിരിക്കുന്നത്.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്.