സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ ; വിന്‍ഡീസ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി-20 പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിനെ തിരികെ വിളിക്കുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയുന്നു. നേരത്തെ ബംഗ്ലാദേശിനെതിരെയുള്ള ടീമിലെടുത്തിട്ടും സഞ്ജുവിനെ ഒരു മത്സരം പോലും കളിപ്പിക്കാത്ത സെലക്ഷന്‍ കമ്മറ്റിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫൈനല്‍ ഇലവനില്‍ എത്താന്‍ സാധ്യതയില്ലെങ്കിലും ആരാധക രോഷം തണുപ്പിക്കുക എന്നതാണ് സെലക്ഷന്‍ കമ്മറ്റിയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. ഫോം വീണ്ടെടുക്കാന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് റിലീസ് ചെയ്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനയച്ച ഋഷഭ് പന്ത് മോശം ഫോം തുടര്‍ന്നതും സെലക്ടര്‍മാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിയാനക്കെതിരായ മത്സരത്തില്‍ 32 പന്തുകളില്‍ 28 റണ്‍സെടുത്ത പന്ത് അലക്ഷ്യമായ ഷോട്ട് കളിച്ചാണ് പുറത്തായത്. 30 റണ്‍സിന് ഹരിയാന ഡല്‍ഹിയെ പരാജയപ്പെടുത്തിയിരുന്നു.

നേരത്തെ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ഉയര്‍ന്നത്. ഹര്‍ഷ ഭോഗ്ലെ, ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകനായ അയാസ് മേനോന്‍, മുന്‍ ദേശീയ താരം തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇടപെടണമെന്നാവശ്യപ്പെട്ട ഹര്‍ഭജന്‍ സെലക്ഷന്‍ കമ്മറ്റിയെ മാറ്റണമെന്നും തുറന്നടിച്ചിരുന്നു. അതേ സമയം, വിരാട് കോലി ടീമിലേക്ക് മടങ്ങി എത്തിയതും രോഹിത് ശര്‍മ്മ വിശ്രമം എടുക്കാന്‍ തയ്യാറാകാതിരുന്നതുമാണ് സഞ്ജു പുറത്താവാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.