ഹെല്‍മെറ്റ് രക്ഷകനായില്ല ; കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവിന് ദാരുണമരണം
കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ റോഡിലുണ്ടായ അപകടത്തില്‍ കൂനമ്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനാണ് യദു.പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചു വീണ യദുവിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നു.
റോഡിലെ കുഴിക്കു സമീപം വച്ചിരുന്ന ബോര്‍ഡ് തട്ടിയാണ് യുവാവ് കുഴിയില്‍ വീണതെന്നും പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം റോഡിലെ കുഴിയില്‍ വീണ് കൊച്ചിയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ച സംഭവത്തില്‍ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന ആരോപണവുമായി ജല അതോറിട്ടി രംഗത് വന്നു. അറ്റകുറ്റപണികള്‍ക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം.സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.







