ചിലവ് കുറയ്ക്കാതെ സിനിമ നിര്‍മ്മാണം ചെയ്യില്ല എന്ന് നിര്‍മ്മാതാക്കളുടെ സംഘടന

ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നപ്പോള്‍ സിനിമാ സീരിയല്‍ ഷൂട്ടിങ്ങിനും ഉപാധികളോടെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാണചിലവ് 50%കുറയ്ക്കാതെ സിനിമ ചെയ്യില്ല എന്നാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പറയുന്നത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വെട്ടികുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ തീരുമാനം. ‘AMMA’, ‘FEFKA’ തുടങ്ങിയ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും യോഗത്തിനു ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ എം രഞ്ജിത് പറഞ്ഞു.

സിനിമയുടെ നിര്‍മ്മാണ ചിലവ് അന്‍പത് ശതമാനം വെട്ടികുറയ്ക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായമെന്നു രഞ്ജിത് പറഞ്ഞു. ‘AMMA’, ‘Fefka’, തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയാവുന്നതിനാല്‍ അഭിപ്രായ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളും വന്‍ തുക പ്രതിഫലം വാങ്ങുന്ന ടെക്‌നീഷ്യന്‍മാരും പ്രതിഫലം കുറയ്ക്കണമെന്നും എത്ര ശതമാനം കുറയ്ക്കണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നു0 അദ്ദേഹം പറഞ്ഞു.

ചിലവ് ചുരുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ആറു സിനിമകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് ലാഭം നേടിയതെന്നും രഞ്ജിത് പറഞ്ഞു. ഓവര്‍സീസ്, സാറ്റ്‌ലൈറ്റ് റൈറ്റ് എന്നീ റൈറ്റുകളുടെ പിന്‍ബലത്തിലാണ് പല സിനിമകളും പിടിച്ചുനിന്നതെന്നും ഇനി അവ പ്രതീക്ഷിക്കാനാകില്ലെന്നും തീയറ്ററുകളില്‍ നിന്ന് മുന്‍പത്തെ വരുമാനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.