താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തില്‍ അമ്മ താരസംഘടനയ്ക്ക് അതൃപ്തി

കൊറോണ സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യത്തില്‍ താരസംഘടനയ്ക്ക് അതൃപ്തി. വിഷയത്തില്‍ ഉടന്‍ യോഗം ചേരില്ലെന്ന് താരസംഘടന തീരുമാനിച്ചു. ഇക്കാര്യത്തില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് തീരുമാനം. താരങ്ങള്‍ സ്ഥലത്ത് ഇല്ലാത്തതു കൂടി പരിഗണിച്ചാണ് ഈ നീക്കം. ഇതിനെ തുടര്‍ന്ന് 28നു നടക്കേണ്ട ജനറല്‍ ബോഡി യോഗം മാറ്റിവച്ചു.

നിലവിലെ സാഹചര്യത്തില്‍ താരങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണിത്. അങ്ങനെയിരിക്കെ നിര്‍മാതാക്കള്‍ പരസ്യമായി ഈ ആവശ്യം മുന്നോട്ടുവച്ചത് നല്ല കാര്യമല്ല. ആവശ്യം സ്വകാര്യമായി ഉന്നയിക്കാമായിരുന്നു. പല താരങ്ങളും ഇക്കാര്യം അറിയിച്ചു. പ്രസിഡന്റ് ഉള്‍പ്പെടെ സ്ഥലത്തില്ലാത്ത പശ്ചാത്തലത്തില്‍ ജനറല്‍ ബോഡി യോഗമോ എക്‌സിക്യൂട്ടിവ് യോഗമോ ഇപ്പോള്‍ നടക്കില്ല. തിടുക്കത്തില്‍ യോഗം നടത്തേണ്ട സാഹചര്യവും ഇപ്പോള്‍ ഇല്ലെന്നും താര സംഘടന അറിയിച്ചു.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വലിയ അളവില്‍ കുറയ്ക്കണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം എത്രയും വേഗം സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം നിര്‍മാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഫെഫ്ക.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 25 മുതല്‍ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് നിര്‍മാതാക്കളുടെ താത്പര്യം. തിയറ്ററുകള്‍ എന്ന് തുറക്കുമെന്നതില്‍ വ്യക്തതയില്ല. സാറ്റലൈറ്റ്, ഓവര്‍സീസ് റേറ്റുകളില്‍ വലിയ കുറവുണ്ടാകും. സിനിമകള്‍ റിലീസ് ചെയ്താലും വരുമാനത്തില്‍ 50 ശതമാനത്തോളം കുറവ് വരുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.