അയോധ്യ രാമക്ഷേത്രം: എല്‍.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ലഭിച്ചത് ഫോണിലൂടെ

ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടി കാലങ്ങളായി ജനങ്ങള്‍ക്ക് നല്‍കിയ ഒരു ഉറപ്പ് ആയിരുന്നു അയോധ്യയിലെ രാമക്ഷേത്രം. രാമക്ഷേത്രം മുന്‍നിര്‍ത്തി നടത്തിയ പ്രചാരണ പരിപാടികള്‍ ആണ് ബിജെപിക്ക് രാജ്യത്ത് വേരോട്ടം നല്കാന്‍ കാരണമായത്. അന്ന് അതിനൊക്കെ ചുക്കാന്‍ പിടിച്ച നേതാക്കള്‍ ആയിരുന്നു എല്‍ കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ സ്വന്തം പാര്‍ട്ടി തന്നെ അവരെ മറന്ന മട്ടാണ്. കൊറോണക്ക് ഇടയിലും കൊട്ടിഘോഷിച്ചു നടക്കുന്ന അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് ക്ഷണം ലഭിച്ചത് ഫോണിലൂടെ.

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ക്ഷണിക്കുമെന്ന് ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ വൃത്തങ്ങള്‍ അറിയിച്ചു. മറ്റെല്ലാ നേതാക്കളെയുംപോലെ അദ്വാനിയെയും ജോഷിയെയും ഫോണ്‍ കോളുകള്‍ വഴി ക്ഷണിക്കുമെന്ന് അവര്‍ അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. തങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബാബറി മസ്ജിദ് കേസില്‍ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരായിരുന്നു.

അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചതായി അഭിഭാഷകന്‍ പറഞ്ഞിരുന്നു. അദ്വാനി പങ്കെടുത്ത കോടതി സെഷന്‍ നാലരമണിക്കൂറോളം നീണ്ടുനിന്നു. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ആരോപണവിധേയരായ ബിജെപി നേതാക്കളില്‍ അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരും ഉള്‍പ്പെടുന്നു.