സിനിമാ – സീരിയല്‍ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ -എസ്ഒപി) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാര്‍ഗനിര്‍ദേശത്തിന് അന്തിമ രൂപം നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് -19 മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ഈ എസ്ഒപി ഉപയോഗിച്ച് സിനിമകളുടെയും ടിവി സീരിയലുകളുടെയും ചിത്രീകരണം ആരംഭിക്കാമെന്ന് എസ്ഒപിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജാവദേക്കര്‍ പറഞ്ഞു, ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും മാസ്‌ക് ധരിക്കേണ്ടിവരും. ഇതുകൂടാതെ ഷൂട്ടിങ് സെറ്റില്‍ എല്ലാവരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സന്ദര്‍ശകരോ കാഴ്ചക്കാരോ ഷൂട്ടിംഗ് ലൊക്കേഷനില്‍ പാടില്ല. സെറ്റുകള്‍, മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനും സെറ്റില്‍ സൗകര്യം വേണമെന്നും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല, കൂടാതെ സെറ്റില്‍ ആരെങ്കിലും രോഗ ബാധിതനായാല്‍ ഉടന്‍ അണുനശീകരണം നടത്തണം. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഐസൊലേറ്റ് ചെയ്യണമെന്നും മന്ത്രി.

തെര്‍മല്‍ സ്‌ക്രീനിംഗിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ. ഇവിട്ട് ലൊക്കേഷന്‍ അണുമുക്തമാക്കണം. സാമുഹിക അകലം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇന്ന് മന്ത്രി പുറത്തുവിട്ട എസ്ഒപിയിലുള്ളത്. സര്‍ക്കാര്‍ നടപടി റിലീസ് സിനിമകളുടെയും ടിവി സീരിയലുകളുടെയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നോവെല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് സിനിമ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.