4 ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലങ്ങള്‍ക്ക് ദുബായില്‍ അംഗീകാരം ഇല്ല

ഇന്ത്യയിലെ 4 ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതരോട് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ. പി. ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍. ടി. പി. സി. ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരം ഇല്ലാത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ അസാധുവായി കണക്കാക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ദുബായിലേക്ക് വരുന്നവര്‍ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊറോണ നെഗറ്റീവ് പരിശോധനാഫലം സമര്‍പ്പിക്കണം. ഇതേ അറിയിപ്പ് ഫ്‌ലൈ ദുബായ് എയര്‍ലൈനും നല്‍കിയിട്ടുണ്ട്.  മുന്‍പ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ഒരു യാത്രക്കാരന് കൊവിഡ് സ്ഥരീകരിച്ചതോടെ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കിയതിന് പിന്നാലെയാണ് ചില ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.