ക്ഷേത്ര ഭൂമിയെ ചൊല്ലി തര്‍ക്കം ; രാജസ്ഥാനില്‍ പൂജാരിയെ മേല്‍ ജാതിക്കാര്‍ ചുട്ടുകൊന്നു

ജയ്പൂരില്‍ നിന്നും 177 കിലോമീറ്റര്‍ അകലെയുള്ള കരൗലി ജില്ലയിലാണ് സംഭവം. 50 വയസുള്ള ബാബുലാല്‍ വൈഷ്ണവ് എന്ന പൂജാരിയെ മീന സമുദായത്തില്‍പ്പെട്ട 6 പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അദ്ദേഹം ചികില്‍സയിലിരിക്കെ മരിച്ചു. പ്രദേശത്തെ പ്രബലരായ മീന സമുദായാംഗം കൈലാഷ് മീനയും സംഘവുമാണ് തന്നെ ആക്രമിച്ചതെന്നും ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്നും ബാബുലാല്‍ പോലീസിന് മരണമൊഴി നല്‍കി. നിലവില്‍ കൈലാഷ് പോലീസ് പിടിയിലെങ്കിലും മറ്റുള്ളവര്‍ ഒളിവിലാണ്. മീന സമുദായത്തിലെ ചില പ്രമുഖരും പൂജാരിയും തമ്മില്‍ ക്ഷേത്ര ഭൂമിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കരൗലി ജില്ലയിലെ ബുക്‌നയിലെ രാധാഗോപാല ക്ഷേത്രപൂജാരി ബാബുലാല്‍ വൈഷ്ണവിന് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലുള്ള 5.2 ഏക്കര്‍ സ്ഥലം വരുമാനമാര്‍ഗമായി നല്‍കിയിരുന്നു. മന്ദിര്‍ മാഫി എന്ന പേരില്‍ ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ ഭൂമി പൂജാരിമാര്‍ക്ക് നല്‍കുന്ന സമ്പ്രദായം രാജസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥലത്ത് ബാബുലാല്‍ വീട് പണിയുന്നതിനായി ജെസിബി കൊണ്ട് മണ്ണിടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഈ സ്ഥലം പാരമ്പര്യ സ്വത്താണെന്നവകാശപ്പെട്ട് സ്ഥലത്തെ ഭൂരിപക്ഷ സമുദായമായ മീന ജാതിയില്‍പ്പെട്ട ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഗ്രാമ മുഖ്യന്മാര്‍ ബാബുലാലിനനുകൂലമായ നിലപാടെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ അദ്ദേഹം വൈക്കോല്‍ അടുക്കി വെച്ചു. എന്നാല്‍ അക്രമകാരികള്‍ അവിടെയെത്തുകയും വൈക്കോല്‍ കൂനകള്‍ക്ക് തീയിടുകയുമായിരുന്നു. കൂട്ടത്തില്‍ അവര്‍ തന്റെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തിയതായി ബാബുലാല്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.