എം എസ് എസ് ദുബൈ യു എ ഇ നാഷണല്‍ ഡേ ആഘോഷിച്ചു

വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായ, ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്) 49മത് യു എ ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍, നേരത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടത്തിയ വിവിധ മത്സരങ്ങളിലെ സമ്മാനാര്‍ഹരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.എം.മുജീബ് സ്വാഗതം ആശംസിക്കുകയും, കുട്ടികള്‍ അവരുടെ മാതാപിതാക്കളും കുടുംബവുമായി ഊഷ്മളവും ഗാഢവുമായ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എം.എസ് എസ് ചെയര്‍മാന്‍ എം.സി. ജലീല്‍ പരിപാടികള്‍ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.

ജീവിതം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന UAE യെ നമ്മുടെ നാടിനോടൊപ്പം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ദേശീയ ദിന സന്ദേശം കൈമാറികൊണ്ട് കാസിം പുത്തന്‍പുരക്കല്‍ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന് സമ്മാനാര്‍ഹരായ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ എം എസ് എസ് സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷ പരിപാടി ഒരു വന്‍ വിജയമാക്കിയ ഏവര്‍ക്കും ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാലോട്ട് നന്ദി പ്രകാശിപ്പിച്ചു.