എം പിമാരെ നിയമസഭാ ഇലക്ഷനില്‍ മത്സരിപ്പിക്കില്ല എന്ന് താരിഖ് അന്‍വര്‍

നിയമസഭയിലേക്ക് എം.പിമാരെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമെടുത്തു കഴിഞ്ഞതായും താരിഖ് അന്‍വര്‍ പറഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ അഴിച്ചുപണി ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിനെ ഉമ്മന്‍ ചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരാളല്ല കോണ്‍ഗ്രസ്സിനെ നയിക്കുക, കൂട്ടായ നേതൃത്വമാകും പ്രചാരണം നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.സി.സി അധ്യക്ഷയ്ക്ക് കൈമാറിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാന്‍ ആകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എം.എം ഹസ്സനെതിരെ കത്ത് ലഭിച്ചിട്ടില്ലന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എം.എം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഹൈക്കമാന്‍ഡിന് കത്ത് അയച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് കൊണ്ടുള്ള താരിഖ് അന്‍വറിന്റെ പ്രതികരണം.ഡി.സി.സി തലം വരെ മാറ്റങ്ങളുണ്ടാകും. വയനാട്, എറണാകുളം, പാലക്കാട് എന്നീ സംസ്ഥാനങ്ങളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ കെപിസിസിയുയുമായി ആലോചിച്ച് നടപടിയെടുക്കും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ ജനുവരി മൂന്നിന് കേരളത്തില്‍ എത്തും. സംസ്ഥാന നേതൃത്വത്തിന് പുറമെ താഴെതട്ടിലെ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.