മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍

ബിജെപി അംഗത്വം സ്വീകരിക്കുവാന്‍ തയ്യാറായി മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. മത്സരിക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയ് യാത്രത്തില്‍ ഇ ശ്രീധരന്‍ ഔപചാരികമായ അംഗത്വം സ്വീകരിക്കും. അതേസമയം ബിജെപിയില്‍ ഉടന്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി സംസാരിച്ചു. മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ ശ്രീധരന്‍. അത് പാര്‍ട്ടി തീരുമാനിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ഇ ശ്രീധരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്‍പില്‍ വയ്ക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണെന്നും അവര്‍ സ്ഥാനാര്‍ത്ഥികളെ ഉചിതമായ സമയത്ത് തന്നെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു. കൂടാതെ ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ആക്കം കൂട്ടാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പ്രചാരണ യാത്രയായ വിജയ് യാത്ര ഫെബ്രുവരി 21 നാണ് ആരംഭിക്കുന്നത്. പ്രമുഖ ദേശീയ നേതാക്കളാണ് ഈ പരിപാടിയില്‍ ഭാഗമാകുന്നത്. വിജയ് യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. നേരത്തെ ഫെബ്രുവരി 20 നാണ് ഇത് തുടങ്ങാന്‍ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യം നോക്കിയാണ് ഈ പരിപാടി ഒരു ദിവസത്തേക്ക് നീക്കിയത്.