കോവിഡ് വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് നല്‍കുന്നത് ഫലപ്രദമെന്ന് ഐ സി എം ആര്‍
കൊവിഡ് വാക്‌സിനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍. കോവാക്‌സിന്‍-കോവിഷീല്‍ഡ് വാക്‌സിനുകളുടെ മിശ്രിതം മികച്ച ഫലം നല്‍കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. ഒരേ വാക്സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ വാക്സിന്‍ യജ്ഞത്തിനിടെ ഉത്തര്‍പ്രദേശില്‍ 18 പേര്‍ക്ക് അബദ്ധത്തില്‍ രണ്ട് വാക്‌സിനുകളുടെയും ഡോസുകള്‍ ഓരോന്ന് വീതം നല്‍കി. ഇതേ തുടര്‍ന്നാണ് പഠനം നടത്തിയത്.
കഴിഞ്ഞ മാസം ഡിസിജിഐ വിദഗ്ധ പാനല്‍ വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഒരു വ്യക്തിക്ക് രണ്ട് വാക്‌സിനുകളുടെയും ഓരോ ഡോസ് വീതം നല്‍കാന്‍ കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തുന്നതെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധ സമിതി പറഞ്ഞിരുന്നു. പഠനത്തില്‍ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതുപോലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത് വരെ രണ്ട് വാക്‌സിനുകള്‍ മാറി സ്വീകരിക്കാന്‍ തയ്യാറാകരുതെന്നും നിര്‍ദേശമുണ്ട്.









