പെന്ഷന് പ്രായം കൂട്ടാന്‍ നിര്‍ദ്ദേശം ; കടുത്ത എതിര്‍പ്പുമായി യുവജനസംഘടനകള്‍
യുവാക്കളുടെ ജീവിതം വെച്ച് പന്താടുന്ന തരത്തിലുള്ള ശമ്പളപരിഷ്കരണ കമ്മീഷന് ശുപാര്‍ശകളോട് കടുത്ത എതിര്‍പ്പുമായി ഭരണ പ്രതിപക്ഷ യുവജനസംഘടനകള്‍. പെന്ഷന് പ്രായം കൂട്ടരുതെന്ന് എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ടു. സര്‍വീസ് സംഘടനകള്‍ക്കും ശുപാര്‍ശകളോട് പൂര്‍ണയോജിപ്പില്ല. സ്കൂള്‍ നിയമനങ്ങളില്‍ ഇടപെട്ടാല്‍ നേരിടുമെന്ന് എന്‍.എസ്.എസും മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സമയത്തു തന്നെ 56ല്‍ നിന്ന് 57 ആയി പെന്ഷന് പ്രായം കൂട്ടണമെന്ന ശുപാര്‍ശയാണ് യുവജനസംഘടനകളുടെ എതിര്‍പ്പിന്റെ മുഖ്യകാരണം.
എതിര്‍പ്പിന് ഭരണപക്ഷമെന്ന വ്യത്യാസമില്ല. മുന്‍കാലങ്ങളിലേത് പോലെ ഈ ശുപാര്‍ശയും നടപ്പാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഡി.വൈ.എഫ്.ഐ പറഞ്ഞു. സമാനനിലപാടാണ് എ.ഐ.വൈ.എഫിനും. എയ്ഡഡ് സ്കൂള്‍ കോളജ് നിയമനങ്ങള്‍ക്ക് ബോര്‍ഡ് രൂപീകരിച്ചാല്‍ മാനേജ്മെന്റുകളുടെ അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക വിവിധ മത സാമുദായിക മാനേജ്മെന്റുകള്‍ക്കുണ്ട്. നിയമപരമായി നില്‍ക്കാത്ത അത്തരം നടപടിയെ കോടതി വഴി എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറജി.സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി നടപ്പാക്കിയിരുന്ന ശമ്പളപരിഷ്കരണം അട്ടിമറിക്കാനുള്ള ശുപാര്‍ശകള്‍ ഉണ്ടെന്നും ആരോപിക്കുന്നു. അതേസമയം പെന്ഷന് പ്രായം കൂട്ടുന്നതിനെ സ്വാഗതം ചെയ്യുമ്പോഴും അറുപത് വരെയാക്കാത്തതാണ് സര്‍വീസ് സംഘടനകളെ നിരാശരാക്കുന്നത്.