സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികര്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകം

കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പിജി സിലബസ്സിലാണ്ഗോള്‍വാള്‍ക്കറുടെ പുസ്തകം ഉള്‍പ്പെടുത്തിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സര്‍കലാശാലയുടെ നടപടി. കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച ഒരു കോഴ്സാണ് പിജി പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍. തലശേരി ബ്രണന്‍ കോളേജില്‍ മാത്രമാണ് ഈ കോഴ്സുള്ളത്. ബ്രണന്‍ കോളേജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സര്‍വകലാശാല ഗോള്‍വാക്കറുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്.

മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങള്‍ക്കൊപ്പമാണ് ഗോള്‍വാക്കറുടെയും പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകര്‍ തന്നെ സിലബസ് തയ്യാറാക്കി നല്‍കുകയും അത് വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം. അതേ സമയം എല്ലാ കാര്യങ്ങളും പഠിക്കണ്ടെയെന്നായിരുന്നു കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്റെ പ്രതികരണം. വിഷയത്തില്‍ സംവാദം നടത്തുമെന്നും, അധ്യാപകരുമായി ചര്‍ച്ച നടത്തുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. തീവ്ര ഹിന്ദുത്വ വാദങ്ങള്‍ നിരത്തുന്ന പുസ്തകങ്ങള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ് എന്നതാണ് പരക്കെ ഉയരുന്ന ആക്ഷേപം.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങള്‍ :
1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) – വി.ഡി സവര്‍ക്കറുടെ പുസ്തകം 2. ബഞ്ച് ഓഫ് തോട്ട്‌സ് ( Bunch of Thoughts) – എം എസ് ഗോള്‍വാള്‍ക്കറുടെ പുസ്തകം 3. വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് (We or Our Nationhood Defined) – എം എസ് ഗോള്‍വാള്‍ക്കറുടെ പുസ്തകം 4. ഇന്ത്യനൈസേഷന്‍; വാട്ട് വൈ ആന്റ് ഹൗ – ബല്‍രാജ് മധോക്