കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല ; പിബിയില്‍ ഭിന്നത
കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സി പി എം പോളിറ്റ് ബ്യുറോ ( പി ബി) വിലയിരുത്തല്‍. വര്‍ഗീയത ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമെന്ന് കണ്ടെത്തിയ ബി ബി കോണ്‍ഗ്രസിനെ ആശ്രയിക്കാതെ ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുടെ മുന്നണിയുമായി സഹകരിക്കാമെന്നാണ് അഭിപ്രായം. സംസ്ഥാനങ്ങളില്‍ പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യം പ്രയോഗികരമെന്ന് നിര്‍ദേശം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ദേശിയ തലത്തില്‍ പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്ന സിപിഐഎം പിബി വിലയിരുത്തലും ഉണ്ടായി. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു.
നിലവിലെ സാഹചര്യത്തില്‍ മൂന്നാം മുന്നണി പ്രായോഗികമല്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ പിബിയില്‍ പൂര്‍ത്തിയായി. അടുത്ത ലോക്‌സഭ തെരെഞ്ഞെടുപ്പ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ രാഷ്ട്രീയ നയസമീപനങ്ങള്‍ക്ക് അടിത്തറയാകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപീകരിക്കാന്‍ ചേര്‍ന്ന പിബി യോഗത്തിലാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെന്ന അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചകള്‍ സംഭവിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു.
കര്‍ഷക തൊഴിലാളി സമരങ്ങള്‍ക്കാണ് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ സമരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കണമെന്നും വര്‍ഗ ബഹുജന സംഘടനകള്‍ കൂടുതല്‍ ജനക്ഷേമ കാര്യങ്ങളില്‍ ഇടപെടണമെന്നും യോഗത്തില്‍ അഭിപ്രയമുയര്‍ന്നു. ഇടതു പാര്‍ട്ടികളുമായി യോജിച്ചുള്ള പ്രക്ഷോപങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. പിബി യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 21ന് ചേരുന്ന കേന്ദ്ര കമ്മിറ്റി അന്തിമ രൂപം നല്‍കും. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങി.








