പൗരോഹിത്യജീവിതത്തിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. തോമസ് കൊച്ചുചിറയ്ക്ക് ആശംസകള്‍
വിയന്ന: റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ (തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍- റ്റി.ഒ.ആര്‍) വൈദികനായി കഴിഞ്ഞ 28 വര്‍ഷമായി യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫാ. തോമസ് കൊച്ചുചിറയ്ക്ക് ആശംസകള്‍.
1983 മുതല്‍ റ്റി.ഒ.ആര്‍ സഭയെ ഏല്പിച്ചിരിക്കുന്ന വിയന്നയിലെ പതിനാലാമത്തെ ജില്ലയിലുള്ള വോള്‍ഫേഴ്സ്ബെര്‍ഗിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി അജപാലന ശുശ്രുഷ ചെയ്തു വരുന്ന ഫാ. കൊച്ചുചിറ പൗരോഹിത്യജീവിതത്തിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
നിരവധി വൈദികരെയും, സന്യസ്തരെയും സംഭാവന ചെയ്ത കോട്ടയം കുമരകം കൊച്ചുചിറ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മിഷനറി വൈദികനായി ബിഹാറിലാണ് തന്റെ അജപാലന ദൗത്യം ആരംഭിച്ചത്. 1978ല്‍ ഒക്ടോബര്‍ 18ന് ജാര്‍ഖണ്ഡിലെ പൊറെയാഹട്ടില്‍ അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് പതിനാലു വര്‍ഷങ്ങള്‍ ഇന്ത്യയിലും 26 വര്‍ഷങ്ങള്‍ യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലുമായി സേവനം തുടരുന്നു.
1981ല്‍ റോമില്‍ നിന്നും അദ്ദേഹം ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മിഷന്‍ മേഖലകളില്‍ ജോലിചെയ്തതോടൊപ്പം സഭയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും അദ്ദേഹം പ്രധാന അധ്യാപക തസ്തികയില്‍ ജോലിചെയ്തിട്ടുണ്ട്. ഇതിനിടയില്‍ സഭയുടെ വയനാട്ടിലെ ഇടവകയില്‍ വികാരിയായും, സെമിനാരി വിദ്യാര്‍ത്ഥികളുടെ ഗുരുവായും സേവനം ചെയ്തിട്ടുണ്ട്.
റോമില്‍ റ്റി.ഒ.ആര്‍ സഭയുടെ വികാര്‍ ജനറളായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന ഫാ. ജോണ്‍ കൊച്ചുചിറ (പ്രൊവിന്‍ഷ്യല്‍, ഭഗല്‍പൂര്‍), ഫാ. ജോസഫ് കൊച്ചുചിറ (വിശാഖപട്ടണം) എന്നിവര്‍ സഹോദരങ്ങളും, ജര്‍മനിയിലുള്ള ഫാ. ജോണ്‍സണ്‍ പന്തപ്ലാക്കില്‍ പിതൃസഹോദരി പുത്രനും, സി. ലിറ്റി കൊച്ചുചിറ എഫ്. സി. സി (പ്രൊവിന്‍ഷ്യല്‍, ദേവമാത ക്ലാരിസ്റ്റ് പ്രൊവിന്‍സ്, ചങ്ങനാശ്ശേരി) പിതൃസഹോദര പുത്രിയും, ഫാ. ജോസഫ് കൊച്ചുചിറ (നര്‍ബോനപുരം), ഫാ. ചാള്‍സ് കൊച്ചുചിറ എം. സി. ബി. എസ് (കരിമ്പാനി) എന്നിവര്‍ പിതൃ സഹോദരരുടെ കൊച്ചുമക്കളുമാണ്.
വിയന്നയിലെ വിശ്വാസി സമൂഹവും, സംഘടനകളും, വ്യക്തികളും അദ്ദേഹത്തിന് ജൂബിലിയുടെ മംഗളങ്ങള്‍ ആശംസിച്ചു.