കേരളത്തില്‍ ഒരാള്‍ക്ക് ഓമിക്രോണ്‍ ; വൈറസ് കണ്ടെത്തിയത് യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

സംസ്ഥാനത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ ആറിന് കൊച്ചിയിലെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. തുടര്‍ന്ന് ജനിതക ശ്രേണീകരണം നടത്തി ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവ് ആയതായും മന്ത്രി അറിയിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലാണ്. ഇതോടൊപ്പം രോഗിയുടെ പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യക്കും ഭാര്യാമാതാവിനുമൊപ്പം ടാക്സി ഡ്രൈവറേയും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയതായും ഇയാളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിവരമറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിലാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. അതിലുണ്ടായിരുന്ന 149 യാത്രക്കാരില്‍ രോഗിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ നാളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. എല്ലാവിധ നടപടികളും സ്വീകരിച്ചതായും രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും എല്ലാ ജാഗ്രതയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്നും ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.