കെ റെയില്‍ ഡിപിആര്‍ കണ്ടിട്ടില്ല എന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജന്‍സി

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് കെ റെയില്‍ – സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പോക്ക്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ അത്യുത്സാഹം കാണിക്കുമ്പോള്‍ മറുവശത്തു തോന്നിയ പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. കെ റെയിലില്‍ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയും ഡിപിആര്‍ (DPR) കണ്ടിട്ടില്ല എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ . കെ റെയിലിന്റെ (K Rail) വിശദ പദ്ധതി രേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് സാമൂഹിക ആഘാത പഠനം നടത്തുന്ന കോട്ടയത്തെ കേരള വോളന്റിയര്‍ ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാജു വി ഇട്ടി പറഞ്ഞു.

എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന് ഈ രേഖ കാണേണ്ട കാര്യം ഇല്ല എന്നാണ് ഏജന്‍സിയുടെ വാദം.ഡിപിആര്‍ കാണാതെ തന്നെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് ഏജന്‍സിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നത്. അഭിപ്രായം പറയാന്‍ ജനപ്രതിനിധികള്‍ പദ്ധതി രേഖ കാണേണ്ടതില്ലെന്നാണ് കേരള വോളന്റിയര്‍ ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം. പ്രത്യാഘാതത്തെ കുറിച്ചുള്ള പ്രാഥമിക അറിവുമാത്രമാണ് സര്‍ക്കാരിനുള്ളത്, ഈ റിപ്പോര്‍ട്ട് കൂടി പഠിച്ച ശേഷം സര്‍ക്കാരിന് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താം. തങ്ങളുടെ ഏജന്‍സിക്ക് ഈ രംഗത്ത് പരിചയം ഇല്ലെന്ന വാദം തെറ്റാണെന്നും സാജു വി ഇട്ടി പറയുന്നു. കേരളത്തില്‍ എണ്‍പതിലധികം പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പതിനഞ്ചാം തീയതി മുതല്‍ കണ്ണൂരില്‍ സര്‍വ്വേ തുടങ്ങുമെന്നും ഏജന്‍സി വ്യക്തമാക്കി.

കെ- റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിനുള്ള വിഞ്ജാപനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, ധര്‍മ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടര്‍ ഭൂമിയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ തണ്ണീര്‍ തടങ്ങളും വയലുകളും ഉള്‍പ്പെടുന്നുണ്ട്.