ജനങ്ങള്‍ നാട് വിടുന്നു ; ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ അടച്ച് ശ്രീലങ്ക

സാമ്പത്തിക നില കൂപ്പുകുത്തിയ ശ്രീലങ്കയില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ നാട് വിടുന്നു. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ ശ്രീലങ്ക അടച്ചു പൂട്ടി. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിര്‍ത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീര്‍ത്തിയാണ് തലൈമണ്ണാരം. ഇന്ത്യയിലേക്ക് കൂടുതല്‍ പേര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്ക സമുദ്രാതിര്‍ത്തികള്‍ അടച്ചത്. ഇന്ത്യയിലേക്ക് വരാന്‍ ശ്രീലങ്കന്‍ വംശജര്‍ താത്പര്യപ്പെടുന്നുവെന്നും എന്നാല്‍ പണമില്ലാത്താണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും വാര്‍ത്തയുണ്ട്.

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നത്. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.