ശ്രീലങ്ക കലാപം ; 8 മരണം, 250 ലേറെ പേര്‍ക്ക് പരിക്ക്
സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്കി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ. രാജി വെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറി. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എം പി അടക്കം 8 പേര് കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത്. പ്രക്ഷോഭകര്‍ വളഞ്ഞ ഔദ്യോഗിക വസതിയില്‍ നിന്ന് പുലര്‍ച്ചെ പട്ടാള കാവലില്‍ രക്ഷപ്പെടുകയായിരുന്നു മഹിന്ദ രാജ്പക്സെ. ഔദ്യോഗിക വസതിക്കു നേരെ സമരക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതോടെയാണ് മഹിന്ദ സൈന്യത്തിന്റെ സഹായം തേടിയത്. സമരക്കാരെ വെടിവെച്ചോടിച്ച സൈന്യം നേരം പുലരും മുന്‍പേ കനത്ത കാവലില്‍ മഹിന്ദ രാജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി.
ട്രിങ്കോമാലി നേവല്‍ ബേസ് വഴി രജപക്സെ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹം പരന്നതോടെ അവിടെയും ജനം തടിച്ചു കൂടി. മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കു പുറത്തു കാവല്‍ നില്‍ക്കുകയാണ് സമരക്കാര്‍. ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. രജപക്സെ കുടുംബത്തിന്റെ തറവാട് വീട് ഇന്നലെ രാത്രി തന്നെ സമരക്കാര്‍ കത്തിച്ചിരുന്നു. മുന്‍ മന്ത്രിമാരുടെയും എം പി മാരുടെയുമായി അന്‍പതോളം വീടുകള്‍ക്ക് ജനം തീയിട്ടു. അനുരാധ പുരയില്‍ രജപക്സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. പ്രസിഡന്റ ഗോത്തബയ രജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. രജപക്സെ സഹോദരന്മാര് പൂര്‍ണ്ണമായി അധികാരം ഒഴിയും വരെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷവും ആവര്‍ത്തിക്കുന്നു.