കോണ്‍ഗ്രസിന് നേരെ അക്രമം അഴിച്ചു വിട്ട് സി പി എം ; പ്രതിപക്ഷ നേതാവിന്റെ വീടിനു നേരെയും ആക്രമണം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് സമരം അടിച്ചമര്‍ത്താന്‍ പുതിയ നയവുമായി സി പി എം. മുഖ്യമന്ത്രിക്ക് എതിരെ സംസാരിക്കുന്നവരെ കായികമായി നേരിടാന്‍ ആണ് പാര്‍ട്ടി തീരുമാനം. അതിനു പിന്നാലെ കോണ്‍ഗ്രസിന് നേരെ വ്യാപകമായ അക്രമണമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ഇന്നലെ കെപിസിസി ആസ്ഥാനമായിരുന്നെങ്കില്‍ ഇന്ന് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് പോലും സിപിഎം പ്രവര്‍ത്തകര്‍ അതിക്രമം അഴിച്ചുവിട്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഫ്‌ലക്‌സുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് കൊടീമരം തകര്‍ത്തു. മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധ യോഗത്തില്‍ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംയമനം പരിമിതിയായി കാണരുതെന്ന് ഷിജുഖാന്‍ പ്രസംഗിച്ചു.

പൊലീസ് ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് കടന്നു. ഇവരില്‍ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങള്‍ ഒരാളെ പൊലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് വെളിയില്‍ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറിഞ്ഞിരുന്നു. ഇതില്‍ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്ത നിലയിലായിരുന്നു. അക്രമം നടത്തിയത് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അമ്പലപ്പുഴ പൊലീസില്‍ നേതാക്കള്‍ പരാതി നല്‍കി.

പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസും കൊടിമരവും രാത്രി തകര്‍ത്തു. ഇന്ന് രാവിലെയാണ് ഇത് കണ്ടെത്തിയത്. ഓഫീസിന്റെ ജനല്‍ ചില്ലുകളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തിരുന്നു. നേതാക്കള്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നാല് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് ഏറാമല കുന്നുമ്മക്കരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചു. ഓഫീസിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട അടൂരില്‍ കോണ്‍സ് ഓഫീസ് തല്ലി തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. കാസര്‍ഗോഡ് നീലേശ്വരം ഹൗസിംഗ് കോളനിക്ക് സമീപം സ്ഥാപിച്ച കെ കരുണാകരന്റെ പ്രതിമ ഇന്ന് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തി.

ക്ലിഫ് ഹൗസിന് സമീപം പ്രതിഷേധവുമായി എത്തിയ പത്തോളം മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂര്‍ അളഗപ്പനഗറിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ആമ്പല്ലൂരിലും മണ്ണംപേട്ടയിലും കോണ്‍ഗ്രസിന്റെ കൊടികളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കൊടികള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കട്ടപ്പന അശോക കവലയിലെ കൊടികളാണ് നശിപ്പിച്ചത്. സിപിഎം പ്രകടനം കടന്നു വരുന്നതിനിടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ കെ എസ് യു കൊടിയും നശിപ്പിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുന്നവരെ തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. തെരുവില്‍ ഇനി ഡിവൈഎഫ്‌ഐ ഉണ്ടാവുമെന്നും മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കുമെന്നും ഷാജര്‍ പറഞ്ഞു.