ഫേക്ക് അക്കൊണ്ടുകാര്‍ക്ക് ദുരന്ത വാര്‍ത്ത ; യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൊണ്ടുകള്‍ ഉണ്ടാക്കി ആഡംബരം കാണിക്കുന്നവര്‍ക്ക് ദുരന്ത സമാനമായ വാര്‍ത്തയാണ് ഇവിടെ. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ മറ്റ് ടെക് കമ്പനികള്‍ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്ഫോമുകളിലെ ഡീപ്‌ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഇന്ന് അപ്‌ഡേറ്റ് ചെയ്ത യൂറോപ്യന്‍ യൂണിയന്‍ പ്രാക്ടീസ് കോഡ് പ്രകാരമാണ് നടപടി സ്വീകരിക്കാന്‍ സമ്മതം അറിയിച്ചത്. കഴിഞ്ഞ ദിവസം ഡീപ്‌ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്തു വന്നിരുന്നു. അല്ലാത്ത പക്ഷം അപ്ഡേറ്റ് ചെയ്ത യൂറോപ്യന്‍ യൂണിയന്‍ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈടാക്കുന്നതാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഇന്ന് പ്രസിദ്ധീകരിച്ചു. പരസ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 30-ലധികം സ്ഥാപനങ്ങളാണ് കോഡില്‍ ഒപ്പിട്ടിരിക്കുന്നത്. യൂറോപ്യന്‍ കമ്മീഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. 2018-ല്‍ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷന്‍ സ്‌കീമായി മാറിയിട്ടുണ്ട്. കോഡനുസരിച്ച് നിയന്ത്രിക്കുന്നവരും ഒപ്പിടുന്നവരും തമ്മില്‍ ഉത്തരവാദിത്തം പങ്കിടണം. കൂടാതെ ഡീപ്ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് ഒപ്പിട്ടവര്‍ നിയന്ത്രിക്കണം.രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ ടെക്‌നിക്കുകള്‍ സൃഷ്ടിച്ച ഹൈപ്പര്‍ റിയലിസ്റ്റികായ വ്യാജരേഖകളാണ് ഡീപ്‌ഫേക്കുകള്‍ എന്നറിയപ്പെടുന്നത്.

ഇവയെ ഈ വര്‍ഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ഡിജിറ്റല്‍ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളുമായി അപ്‌ഡേറ്റഡ് കോഡ് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡീപ്‌ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിയും. ഡിജിറ്റല്‍ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ക്ക് ഇനി മുതല്‍ പിഴയും ചുമത്തും. കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാം. കമ്പനികള്‍ കോഡില്‍ സൈന്‍ അപ്പ് ചെയ്ത്തതോടെ അവരുടെ നടപടികള്‍ നടപ്പിലാക്കാനായി ആറു മാസം സമയവുമനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ക്കെതിരെയുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റല്‍ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പിലാക്കുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക ഇന്ത്യയില്‍ ആകും. കാരണം പല വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സംഭവങ്ങള്‍ പടച്ചു വിടുന്നത് ഫേസ്ബുക്കില്‍ ഉള്ള ആയിരക്കണക്കിന് ഫേക്കന്മാര്‍ ആണ്. അവന്മാര്‍ക്ക് പൂട്ടിട്ടാല്‍ നാട്ടില്‍ പകുതി സമാധാനം ലഭിക്കും.