ബോറിസ് ജോണ്‍സണ്‍ പുറത്തു ; ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോണ്‍സന്റെ രാജിവെച്ചതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബോറിസ് ജോണ്‍സന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക്ക് ആയിരുന്നു. ബോറിസ് ജോണ്‍സന്റെ പിന്‍?ഗാമിയായി റിഷി സുനക്കിനാണ് കൂടുതല്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിഷി സുനക് പ്രധാനമന്ത്രിയായാല്‍ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും ഇദ്ദേഹം. ബ്രിട്ടനില്‍ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയര്‍ന്നത്. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ വന്‍ ശ്രദ്ധയാകര്‍ഷിച്ചു.

സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമാണ് ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയറിയിച്ച് രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയും ബോറിസ് ജോണ്‍സണ് രാജിവെക്കേണ്ടി വരുകയും ചെയ്തു. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇയാളെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്ര ധാനസ്ഥാനത്തേക്കു പരിഗണിച്ചതുമാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. പാകിസ്ഥാന്‍ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും രാജിവച്ചിരുന്നു.

ഒരു ഫാര്‍മസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണില്‍ സുനക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെവിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍. 2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു ഇദ്ദേഹം.
പഞ്ചാബില്‍ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്.