രാജസ്ഥാന്‍ പ്രതിസന്ധി ; എല്ലാത്തിനും പിന്നില്‍ ഗെഹ്ലോട്ടിന്റെ ബുദ്ധി ; അധ്യക്ഷനായി പരിഗണിക്കരുതെന്ന് നേതാക്കള്‍

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ നേരിയ ആശ്വാസം. സംസ്ഥനത്തെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹ്ലോട്ടിന്റെ നീക്കങ്ങളെന്ന് എഐസിസി നിരീക്ഷകര്‍. ഇക്കാര്യം അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. എംഎല്‍എമാരുടെ പ്രതിഷേധം ആസൂത്രണം ചെയ്തത് ഗെഹ്ലോട്ടാണ്. ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഉചിതമല്ലെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രശ്നം പരിഹരിക്കാന്‍ സോണിയ കമല്‍നാഥിനെ വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ അശോക് ഗെഹ്ലോട്ട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്ലോട്ട് തന്റെ തീരുമാനം അറിയിച്ചത്. രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയ എംഎല്‍എമാരുടെ തീരുമാനം തന്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്ലോട്ട് അറിയിച്ചു. മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് ഗെഹ്ലോത് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ വെല്ലുവിളിച്ചു 90 ലധികം എംഎല്‍എമാര്‍ ആണ് രാജിഭീഷണി മുഴക്കിയത്.

ഇതിന്റെ എല്ലാം പിന്നില്‍ ഗെഹ്ലോട്ട് ആണ് എന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്. അശോക് ഗഹ്ലോത് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്നാണ് രാജി ഭീഷണി മുഴക്കിയ എംഎല്‍എമാരുടെ ആവശ്യം. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു ഗെഹ്ലോത് അനുകൂലികള്‍. ഒരേ സമയം രണ്ടു പദവി വഹിക്കുവാനുള്ള ഗെഹ്ലോട്ടിന്റെ ശ്രമമാണ് ഇത്രയും പ്രതിസന്ധിക്ക് കാരണമായത്.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോത്ത് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി കസേര ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ ഇത്തവണ നേടിയെടുക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ ശ്രമം. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ പിന്തുണ സച്ചിന്‍ പൈലറ്റിനുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് അശോക് ഗെഹ്ലോത്ത് ചരടുവലികള്‍ ശക്തമാക്കിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ തീരുമാനം. പ്രതിസന്ധിക്ക് പിന്നില്‍ അശോക് ഗഹ്ലോട്ടിന്റെ പദ്ധതിയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയായി തുടരാമെന്നും ഗെഹ്ലോട്ട് നേതൃത്വത്തെ അറിയിച്ചു.