അധിക കുറ്റപത്രം വായിച്ചുകേള്‍പ്പിക്കല്‍ ; ദിലീപ് കോടതിയില്‍ ഹാജരായി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അധിക കുറ്റപത്രം വായിച്ച് കേള്‍പ്പിക്കല്‍ നടപടിക്കായി നടന്‍ ദിലീപ് കോടതിയില്‍ ഹാജരായി. ദിലീപും കൂട്ടുപ്രതി ശരത്തും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരായത്. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നല്‍കിയ ഹര്‍ജികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നുമായിരുന്നു എട്ടാം പ്രതി ദിലീപ് 15 ആം പ്രതി ശരത്ത് എന്നിവര്‍ ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്കെതിരെ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യം ദിലിപിന്റെ കൈവശമെത്തിയതിന് തെളിവുണ്ടെന്നും ശരത്തുമായി ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഫോണ്‍രേഖകള്‍ വാട്‌സ് ആപ് ചാറ്റുകള്‍ അടക്കം നശിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഗൂഡാലോചനയില്‍ ഇരുവര്‍ക്കുമെതിരായ പുതിയ കണ്ടെത്തലുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് പ്രതികളുടെ ഹര്‍ജികള്‍ കോടതി തള്ളിയത്.