ഫെഡറര്‍-നദാല്‍ പോരാട്ടം; മിയാമി ഓപ്പണ്‍ ടെന്നീസ് ഫൈനല്‍


ഫ്ളോറിഡ: ടെന്നീസില്‍ വീണ്ടും റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്. മൂന്നു സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍: 7-6 (11/9), 6-7 (9/11),7-6(7/5). മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ കൈവിട്ടതോടെ കിര്‍ഗിയോസ് റാക്കറ്റ് കോര്‍ട്ടില്‍ വലിച്ചെറിഞ്ഞ് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ അനായാസം കീഴടക്കിയാണ് നദാല്‍ ഫൈനലിലെത്തിയത്. രണ്ട് സെറ്റിനുള്ളില്‍ തന്നെ നദാല്‍ വിജയം കണ്ടു. സ്‌കോര്‍: 6-1,7-5. മിയാമിയില്‍ അഞ്ചാം ഫൈനലിനൊരുങ്ങുന്ന നഡാലിന് പക്ഷേ ഇത് വരെ കിരീടം നേടാനായിട്ടില്ല.

അതേസമയം വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജോഹാന കോന്റ അമേരിക്കയുടെ വീനസ്വില്യംസിനെ 6-4,7-5 ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ആദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് വനിത മിയാമി ഓപ്പണ്‍ ഫൈനലിലെത്തുന്നത്. ഫൈനലില്‍ കോന്റ ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കിയെ നേരിടും. ചെക് റിപ്പബ്ലിക്കിന്‍രെ കരോളിന പ്ലീഷ്‌കോവയെ5-7,6-1,6-1 ന് തോല്‍പ്പിച്ചാണ് ഡാനിഷ് താരം ഫൈനലിലെത്തിയത്.