നോര്‍ത്ത് കൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെന്‍സ്

യൊക്കൊസുക്ക (ടോക്കിയൊ): നോര്‍ത്ത് കൊറിയായില്‍ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയര്‍ ഭീഷണിയേയും നേരിടുന്നതിന് വാള്‍ തയ്യാറായിരിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പത്ത് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മൈക്ക് പെന്‍സ്.

ഏപ്രില്‍ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസില്‍ യു എസ് നേവി ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് സേനാംഗങ്ങള്‍ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെന്‍സ്.

ഉത്തരകൊറിയയുടെ മേല്‍ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ധം ചെലുത്തുവാന്‍ യു എസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കയമമെന്ന് അമേരിക്കയുടെ സഖ്യ രാജ്യങ്ങളായ ജപ്പാന്‍, ചൈന തുടങ്ങിയ ലോക രാഷ്ട്രങ്ങളോട് മൈക്ക് പെന്‍സ് അഭ്യര്‍ത്ഥിച്ചു.പ്രസിഡന്റ് ട്രമ്പിന്റെ ഭരണ നേതൃത്വം സമാധാന ശ്രമങ്ങള്‍ നടത്തുന്നതോടൊപ്പം, രാജ്യത്തെ സംരക്ഷിക്കുന്നതിനും വാള്‍ തയ്യാറാക്കി വച്ചിരിക്കയാണെന്നും പെന്‍സ് മുന്നറിയിപ്പ് നല്‍കി.

ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് തയ്യാറായാല്‍ അതിനെ പരാജയപ്പെടുത്താന്‍ അമേരിക്ക സുസജ്ജമാണെന്നും പെന്‍സ് പറഞ്ഞു. ന്യൂക്ലിയര്‍ ആയുധങ്ങള്‍ക്ക് ഉപേക്ഷിക്കാന്‍ നോര്‍ത്ത് കൊറിയ തയ്യാറാകുന്നത് വരെ അമേരിക്ക പിന്മാറുന്ന പ്രശ്‌നമില്ലെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ട്രമ്പിന്റെ നിലപാടിനോട് മൈക്ക് പെന്‍സും അനുകൂലമായി പ്രതികരിച്ചതോടെ നോര്‍ത്ത് കൊറിയയുടെ ഭാവിയെ കുറിച്ച് ആശങ്ക വര്‍ദ്ധിച്ചിരിക്കയാണ്.