മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയ്ക്ക് വിയന്നയില്‍ സ്വീകരണം

വിയന്ന: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി യൂറോപ്പില്‍ എത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയ്ക്ക് വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തത്തില്‍ സ്വീകരണം നല്‍കി.

സെന്റ് തോമസ് ഇടവകയുടെ വികാരി ഫാ. വില്‍സണ്‍ അബ്രഹാം, ഫാ. സി.എം ഫിലിപ്പോസ്, ഫാ, ജോബിന്‍ മാമന്‍, ഇടവക പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം അഭി. തിരുമേനിയെ ബൊക്കെ നല്‍കി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാമത് ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചു വിയന്നയിലെത്തിയ അഭി. തിമോത്തിയോസ് തിരുമേനി നവംബര്‍ 5ന് (ഞായര്‍) ആം താബോര്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ സമൂഹ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നേര്‍ച്ചയോടുകൂടിയ റാസ പ്രദക്ഷിണത്തിന് അഭി. തിരുമേനിയയും, ഇടവകയുടെ വികാരി ഫാ. വില്‍സണ്‍ അബ്രഹവും നേതൃത്വം നല്‍കി.

വി. കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സണ്‍ഡേ സ്‌കൂളിനെ പ്രതിനിധീകരിച്ച് നാവോമി, നാഥന്‍, നാഥന്‍, നിമി, യൂത്ത് ലീഗില്‍ നിന്നുള്ള ജൂലിയ, ജെറീന, ആന്‍സി, മഞ്ജു, ജെഫിന്‍, ജസ്റ്റിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യൂറോപ്പ്, യു.കെ, ആഫ്രിക്ക റീജയനുകളുടെ ഭദ്രാസനാധിപനായ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഒരാഴ്ചയോളം വിയന്നയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് അദ്ദേഹം നവംബര്‍ 10ന് ജര്‍മനിയിലേയ്ക്കും, അവിടെ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേയ്ക്കും യാത്രയാകും.