യൂറോപ്യന്‍ ചലച്ചിത്രലോകത്ത് നിറസാന്നിദ്ധ്യമാകാന്‍ സിമ്മി കൈലാത്ത്


വിയന്ന: സിനിമയുടെ മായികലോകം എക്കാലവും മോഹിപ്പിക്കുന്നതാണ്. അവിടെ വാണവരും വീണവരും ഏറെയുണ്ട്. എന്നാല്‍ ഈ ധാരണകളെയൊക്കെ അഭ്രപാളിയ്ക്ക് ഒരുപാട് ദൂരെ ഉപേക്ഷിച്ചു ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള യുവാവ് സിമ്മി കൈലാത്ത് യൂറോപ്പിലെ ചലച്ചിത്രലോകത്ത് തന്റെ മുഴുവന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിയന്നയില്‍ നിയമ വിദ്യാര്‍ത്ഥിയായ സിമ്മി പഠനത്തിന്റെ ഇടവേളകളില്‍ ലഭിക്കുന്ന സമയത്താണ് സിനിമകള്‍ നിര്‍മ്മിക്കുന്നതും ഭാവിയില്‍ സിമിയയുടെ ലോകത്ത് തന്റേതായ സംഭാവനകള്‍ നല്‍കാന്‍ ഒരുങ്ങുന്നതും.

നായകനായും, നിര്‍മ്മാതാവായും, സംവിധായകനായും സിമ്മി എന്ന ഇരുപത്തിരണ്ടുകാരന്‍ ഇതിനോടകം തന്നെ രാജ്യാന്തര നിലവാരമുള്ള ഹൃസ്വചിത്രങ്ങളുമായി ഓസ്ട്രിയയുടെ ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം നായകനായ ഹൃസ്വചിത്രം ‘നോറിക്കോ’ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ചില പുരസ്‌കാരങ്ങളും കരസ്ഥമാക്കി. ആംസ്റ്റര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ വാന്‍ ഗോഗ് പുരസ്‌കാരവും, ലിത്വാനിയ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡും ഈ ചിത്രം നേടി. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ലാര്‍ഗൊ ഫിലിം അവാര്‍ഡിനും, പൂനൈ ഫിലിം ഫെസ്റ്റിവലിനും ‘നോറിക്കോ’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിയന്ന ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ച് പ്രത്യേക പരാമര്‍ശം നേടിയിരുന്നു.

തന്റെ കരിയറിലെ ഏറ്റവും പുതിയ ചിത്രം ‘സൊറ’യുമായി സിമ്മി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സാന്നിദ്ധ്യമാകുകയാണ്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇതിനകം വിയന്നയില്‍ പ്രദര്‍ശനത്തിന് എത്തിയത് വാര്‍ത്തയായിരുന്നു. അഭിനയത്തിലും, സംവിധാനത്തിലും ഒരുപോലെ ശ്രദ്ധിക്കുന്ന സിമ്മിയ്ക്ക് മേഖലയിലെ നിരവധി പ്രതിഭകളുടെ സഹകരണവും, സഹായവും ഈ സിനിമയില്‍ ലഭിച്ചു. ഓസ്ട്രിയന്‍ റെയില്‍വേ വിഭാഗവും ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പ്രോത്സാഹനം നല്‍കി. സിമ്മി തന്നെയാണ് പുതിയ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അതേസമയം മുതിര്‍ന്ന താരങ്ങളായ സബീനെ മുഹാറും മാര്‍ട്ടിന്‍ ഒബേറ്റ്ഹൗസറുടെയും സാന്നിദ്ധ്യം സിനിമയുടെ വിജയത്തിന് ഏറെ സഹായിച്ചു. രാജ്യത്തിന്റെ ദേശിയ ചാനലായ ഒ.ആര്‍.എഫിന്റെ ക്യാമറമാന്‍ വാള്‍ട്ടര്‍ കോയ്നിക്ക്, മാര്‍ട്ടിന്‍ സ്റ്റിങ്ങല്‍ (ബില്‍ കോസ്ബി മൂവി ഫെയിം) എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. വിയന്നയില്‍ അഭിനയം പഠിക്കുന്ന നെലിഡ മാര്‍ട്ടിനെസ് ആണ് നായിക. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും അഭിനേത്രിയുമായ എട്ട് വയസുകാരി ലാന മാറ്റിക്കും ശ്കതമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചട്ടുണ്ട്.


6 വയസുമതല്‍ സിനിമയോട് അസാധാരണമായ ഒരു ഇഷ്ട്ടം സിമ്മി കാണിച്ചിരുന്നു. കാണുന്ന സിനിമകളുടെ പല രംഗങ്ങളും ലെഗോ ബ്ലോക്സ്‌കൊണ്ട് വീട്ടില്‍ നിര്‍മ്മിച്ചിരുന്നു. അതിനിടയില്‍ പതിനാലാം വയസ്സില്‍ ടൈറ്റാനിക്ക് സിനിമയുടെ ഷൂട്ടിങ് ഇന്റര്‍നെറ്റില്‍ കാണുകയും സിനിമയുടെ വിവിധ മേഖലകള്‍ കോര്‍ത്തിണക്കുന്നതു സസൂക്ഷമം പഠിക്കുകയും ചെയ്തു. പിന്നീട് ഉള്ള സമയങ്ങളില്‍ കഥയെഴുത്തും, മനോവികാരങ്ങളുടെ പ്രകടനങ്ങളെയുംപറ്റി ഗവേഷണം നടത്തി. തുടര്‍ന്നാണ് ഹൃസ്വചിത്രങ്ങളുമായി സിമ്മി സ്നേഹത്തിലായത്. ഹൃസ്വചിത്രങ്ങളിലൂടെ മുഖ്യധാരാ സിനിമയിലേക്ക് എത്തുക എന്നതാണ് അടുത്ത ലക്ഷ്യം.