സംഘര്‍ഷമൊഴിവാക്കാനും സംയമനം പാലിക്കാനും സിപിഎം ആര്‍എസ്എസ് ജില്ലാ നേതാക്കളുടെ യോഗത്തില്‍ ധാരണ

തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ സമവായമുണ്ടായതായി സി.പി.എമ്മിന്റേയും ബിജെപിയുടെയും ജില്ലാനേതാക്കള്‍. സംഘര്‍ഷങ്ങളൊഴിവാക്കുമെന്നും സംയമനം പാലിക്കുമെന്നും ഇരു വിഭാഗത്തിന്റെയും നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമാധാനപരമായി മുന്നോട്ട് പോകാന്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് രണ്ട് കൂട്ടരും തീരുമാനിച്ചെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രകോപനപരമായ അന്തരീക്ഷം ഉണ്ടാവാതിരിക്കാന്‍ അതീവ ശ്രദ്ദയോടെ ഇടപെടും. പ്രകോപനപരമായ പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് ഇരുവിഭാഗത്ത് നിന്നും തീരുമാനമെടുത്തു. ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ജില്ലാ നേതൃത്വങ്ങള്‍ ഉടന്‍ ഇടപെട്ട് പരിഹരിക്കാനും തീരുമാനിച്ചു.

എന്നാല്‍ ഇരു പക്ഷത്തെയും നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം എടുക്കുന്നത് വിലക്കിയത് എന്തിനാണെന്ന ചോദ്യത്തിന് അത് ഗുണകരമാവില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ മറുപടി നല്‍കി. ചര്‍ച്ച ആരോഗ്യകരമായിരുന്നെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു.

ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി ആസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, നിയമസംവിധാനം നിഷ്പക്ഷമായി മുന്നോട്ട് പോകണം, എന്നീ ആവശ്യങ്ങളാണ് ബി.ജെ.പി. ഉയര്‍ത്തിയത്. ജില്ലയുടെ സമാധാനമാണ് ബി.ജെ.പിക്ക് പരമപ്രധാനം.

ചില രാഷ്ട്രീയക്കാര്‍ ക്രിമിനലുകളാകുന്നു ഇവരെ തിരിച്ചറിയണമെന്ന് സി.പി.എം. നേതാക്കളോട് പറഞ്ഞതായും എസ്. സുരേഷ് വ്യക്തമാക്കി. രണ്ടാഴ്ച്ചയായി ജില്ലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. തിരുവനന്തപുരം എം.ജി കോളേജില്‍ എസ്.എഫ്.ഐ. കൊടിമരം സ്ഥാപിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് ആര്‍.എസ്.എസ്. സി.പി.എം സംഘര്‍ഷമുടലെടുക്കുകയായിരുന്നു.