തട്ടിപ്പ് വീരന്‍ ജോസഫ് സ്വീറ്റ്സണ്‍ മെല്‍ബണില്‍ തിരികെയെത്തിയതായി വിവരം: ആക്‌സിസ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് പാപ്പരായ വിവരം അറിയിച്ച് ലിക്വിഡേറ്ററുടെ നോട്ടീസ്; ചൂതാട്ട പ്രിയനായ ജോസഫ് ഐര്‍ലണ്ടിലും സമാനമായ തട്ടിപ്പ് നടത്തി മലയാളികളെ കബളിപ്പിച്ചിരുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ട്രാവല്‍ ഏജന്‍സി നടത്തി മലയാളികളില്‍ നിന്നും ലക്ഷകണക്കിന് പണം തട്ടിയെടുത്ത് മുങ്ങിയ എറണാകുളം പറവൂര്‍ സ്വദേശി ജോസഫ് സ്വീറ്റ്സണ്‍ പഞ്ഞിക്കാരന്‍ തോമസ് മെല്‍ബണില്‍ തിരികെയെത്തിയതായി വിവരം. ജോസഫ് നടത്തിയിരുന്ന ആക്‌സിസ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് പാപ്പരായ വിവരം അറിയിച്ച് ലിക്വിഡേറ്ററുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് കബളിക്കപ്പെട്ട വിവരം കൂടുതല്‍ പേര്‍ അറിഞ്ഞത്.

ഇതിനിടയില്‍ ജോസഫ് ഐര്‍ലണ്ടിലും സമാനമായ തട്ടിപ്പ് നടത്തിയാതായി മലയാളി വിഷന് വിവരം ലഭിച്ചു. താല എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഇയാള്‍ ഡബ്ലിനിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് നല്ലൊരുതുക കബളിച്ചതിനുശേഷമാണ് രണ്ടുവര്‍ഷം മുമ്പ് ഓസ്ട്രേലിയയില്‍ എത്തുന്നത്. ടിക്കറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങിയ ഇയാളുടെ ഭാര്യ പലര്‍ക്കും സ്വന്തം കയ്യില്‍ നിന്നും പണം നല്‍കി പ്രശ്നം ഒതുക്കി തീര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കുടുംബസമേതം മെല്‍ബണില്‍ എത്തിയത്.

ഒന്നുകില്‍ അടച്ച പണം അല്ലെങ്കില്‍ ടിക്കറ്റ് എന്ന കാര്യത്തില്‍ ഉപഭോകതാക്കള്‍ വാശി പിടിച്ചതോടെ പല ഒഴിവുകഴിവുകള്‍ പറഞ്ഞു ഇയാള്‍ മുങ്ങുകയായിരുന്നു. കബളിപ്പിച്ചെടുക്കുന്ന പണം ചൂതാട്ട കേന്ദ്രങ്ങളിലും മറ്റു ചിലവഴിച്ചു ആഡബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഭാര്യ ജോലിയ്ക്കു പോയതിനുശേഷം സ്വന്തം കുഞ്ഞിനെ ഉറക്കി കിടത്തിയിട്ട് വരെ ചൂത് കളിക്കാന്‍ പോയ ജോസഫിന്റെ വീരകഥകള്‍ ഐര്‍ലന്‍ഡിലും അങ്ങാടിപ്പാട്ടാണ്. ഓസ്ട്രേലിയയില്‍ വന്നിട്ടും ചൂതുകളിക്കും, തട്ടിപ്പിനും യാതൊരു കുറവുമുണ്ടായില്ല. ലഭിക്കുന്ന പണം മുഴുവന്‍ ഇത്തരത്തില്‍ നഷ്ടപ്പെടുത്തുന്നതായും ഇദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നു.

ജോസപ്പും, ഇയാളുടെ പിതാവും കോണ്‍ഗ്രസ്സ് പാര്‍ട്ടി എം.എല്‍ എ ആയ വി.ഡി സതീശന്റെ അടുപ്പക്കാര്‍ എന്ന രീതിയിലും മലയാളികളുടെ ഇടയില്‍ മുതലെടുപ്പ് നടത്തിയിരുന്നതായി കബളിക്കപ്പെട്ട ചില മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം വി.ഡി സതീശനുമായി എന്തു തരത്തിലുള്ള ബന്ധമാണ് ഇയാള്‍ക്കു ഉണ്ടായിരുന്നതെന്ന് വ്യക്തയില്ല. തട്ടിപ്പിന്റെ വിവരങ്ങള്‍ കാണിച്ചു പെര്‍ത്തില്‍ എത്തിയിരിക്കുന്ന അങ്കമാലി എം.എല്‍.എ റോജി എം. ജോണിനോട് ചിലര്‍ പരാതി ബോധിപ്പിച്ചട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ ചിലര്‍ നാട്ടിലും ബന്ധപ്പെട്ടു ജോസഫിന്റെ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടയിലാണ് നാട്ടിലെ വസ്തു വിറ്റു എല്ലാവര്‍ക്കും പണം നല്‍കാനെന്ന വ്യാജേന ഇയാള്‍ മുങ്ങിയത്. ഇയാളുടെ ഭാര്യയാണ് പണം ചോദിച്ചു എത്തിയവരോട് ഈ വിവരം അറിയിച്ചത്. എന്നാല്‍ ഏതാനും നാള്‍ കഴിഞ്ഞു തിരികെയെത്തിയ ഇയാള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അതേസമയം ജോലിയും കുട്ടികളുടെ അവധിയും എല്ലാം മുന്‍കൂട്ടി കണ്ടു ടിക്കറ്റ് എടുത്ത മലയാളികള്‍ക്കു പണവുമില്ല പോകാന്‍ ടിക്കറ്റുമില്ല എന്ന അവസ്ഥയിലാണ്. മലയാളികള്‍ കൂട്ടത്തോടെ നാട്ടില്‍ പോകുന്ന ഡിസംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ ഏര്‍പ്പാടാക്കി എയര്‍ ലൈന്‍ കമ്പനികള്‍ ഇഷ്യൂ ചെയ്യാത്ത വ്യാജ ടിക്കറ്റുകളും നല്‍കി ഇയാള്‍ പലരെയും കബളിപ്പിച്ചിരുന്നു. ട്രാവല്‍ ഏജന്‍സി മേഖലയില്‍ നടന്ന ഈ തട്ടിപ്പ് നല്ല രീതിയില്‍ ബിസിനസ് ചെയ്യന്നവരെയും സംശയത്തിന്റെ നിഴലില്‍ എത്തിച്ചട്ടുണ്ട്. പല യാത്രക്കാരും ഏജന്റുമാരെ ഒഴിവാക്കി എയര്‍ലൈനിന്റെ പക്കല്‍നിന്നും നേരിട്ട് ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.