മൂന്നാം വട്ടവും ജാമ്യം തേടി ദിലീപ്; ഹൈക്കോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി നല്‍കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കേടതിയെ സമീപിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നകത്. നേരത്തെ നല്‍കിയ രണ്ട് ജാമ്യ ഹര്‍ജികളും ഹൈക്കോടതി തള്ളിയിരുന്നു.
ഒക്ടോബര്‍ 10ന് മുന്‍പ് പോലീസ് കുറ്റ പത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന അവസരം കൂടിയാണിത്.

കേസില്‍ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടം അവസാനിച്ചെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നുമായിരിക്കും ദിലീപിന്റെ വാദം.അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ കോടതി മുന്നോട്ടു വച്ച നിബന്ധനകള്‍ കൃത്യമായി പാലിച്ചുവെന്ന കാര്യം ജാമ്യാപേക്ഷയില്‍ ഉന്നയിക്കും.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ദിലീപ് പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിത്തന്നെയാകും ഇത്തവണയും ജാമ്യത്തെ എതിര്‍ക്കുക. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും, തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാകും പ്രോസിക്ക്യൂഷന്‍ വാദിക്കുക. നേരത്തെ രണ്ട് തവണയും സമാനമായ വാദങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. അത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയും ഹൈക്കോടതിയുടെ പ്രഥമിക പരിഗണനക്ക് വരും. ഇതിനിടെ, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.