സിനിമാ തിയേറ്ററുകള്‍ക്ക്‌ തീയിടണമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

പദ്മാവതി സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനെ തുടര്‍ന്ന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തീയിടണം എന്ന ആഹ്വാനവുമായി ബിജെപി നേതാവ് സൂരജ് പാല്‍ അമു. സഞ്ജയ്‌ലീലാ ബന്‍സാലിയുടെയോ ദീപിക പദുക്കോണിന്റെയോ തല കൊയ്യുന്നവര്‍ക്ക് പത്തു കോടി രൂപ വാഗ്ദാനം ചെയ്തതിന് പാര്‍ട്ടി സൂരജ് പാലിനോട് വിശദീകരണം ചോദിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി സൂരജ് പാല്‍ രംഗത്ത് വന്നത്. പദ്മാവതിക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നാണ് സൂരജ് പാലിന്റെ പുതിയ ആഹ്വാനം. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീയിട്ട് നശിപ്പിക്കണം.

ക്ഷത്രിയവീര്യമുള്ള യുവാക്കള്‍ക്ക് അതിനുള്ള ശക്തിയുണ്ടെന്നാണ് സൂരജ് പാല്‍ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ ‘ക്ലീന്‍ ഇന്ത്യ’ ക്യാമ്പയിന്റെ ഭാഗമായി ഈ പ്രവൃത്തിയെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പദ്മാവതി സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ കാര്യത്തില്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ ശാസനകളെപ്പോലും വകവയ്ക്കാതെ മുന്നോട്ട് പോവുകയാണ് സൂരജ് പാല്‍.