മാസ്റ്റര്‍ പീസ് ഓഡിയോ ലോഞ്ചിലും കയ്യടി നേടി സന്തോഷ് പണ്ഡിറ്റ്; പണ്ഡിറ്റിന്റെ ഈ വാക്കുകള്‍ കേട്ടാല്‍ ആരായാലും കൈയ്യടിച്ചു പോകും

മമ്മൂട്ടി നായകാനായെത്തുന്ന ‘മാസ്റ്റര്‍ പീസ്’ എന്ന സിനിമയുടെ ഓരോ വിവരങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍.അടിപൊളി ഗ്‌ളാമര്‍ ലുക്കിലെത്തുന്ന മമ്മൂട്ടിയുടെ കിടിലന്‍ കോളേജ് പ്രൊഫസര്‍ കഥാപാത്രത്തെ കാണാനും കൂടാതെ ഛായാഗ്രഹണം ഒഴികെ ബാക്കിയെല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണാനും കൂടിയാണ് ആ കാത്തിരിപ്പ് എന്ന് പറഞ്ഞാല്‍ അധികമാകില്ല.

ഇതു രണ്ടാംതവണയാണ് തന്റേതല്ലാത്ത ഒരു സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. ‘ഒരു സിനിമാക്കാരനി’ലാണ് ആദ്യം ചെറിയൊരു വേഷം ചെയ്തത്. എന്താണു ‘മാസ്റ്റര്‍പീസിലെ’ വേഷം എന്നതില്‍ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ പണ്ഡിറ്റിന്റെ കാര്യവും രഹസ്യം. എങ്കിലും ശ്രദ്ധേയ കഥാപാത്രമാകുമെന്നത് ഉറപ്പ്. ട്രെയിലറിലും പാട്ടിലുമെല്ലാമുണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം. ‘മാസ്റ്റര്‍ പീസി’ന്റെ ഓഡിയോ ലോഞ്ചിലും ശ്രദ്ധേയനായിരുന്നു സന്തോഷ് പണ്ഡിറ്റ്.

അതിഥിയായി എത്തിയ സംവിധായകന്‍ ജോഷിയുടെ കാല്‍തൊട്ട് വണങ്ങിയാണ് ഓഡിയോ ലോഞ്ചിന്റെ സദസ്സിലേക്ക് സന്തോഷ് പണ്ഡിറ്റ് പ്രവേശിച്ചത്. ഒരു വലിയ കയ്യടി കൊടുത്താല്‍ മാത്രമേ വേദിയിലെത്തൂ എന്നായിരുന്നു അവതാരിക വേദിയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ കടന്നുവരവിന് നല്‍കിയ മുഖവുര തന്നെ. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായതിന്റെ ‘ത്രില്‍’ പങ്കുവച്ച് വേദിയില്‍ സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോഴും സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു.

ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നുവെന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. സ്വന്തം ചിത്രങ്ങളുടെ സെറ്റിലേക്ക് പലപ്പോഴും ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോയി പാകം ചെയ്തു കഴിച്ചിട്ടുണ്ട്. ഒരു ചിത്രത്തിന്റെ അഭിനേതാവ് മാത്രമാകുമ്പോള്‍ അതു ചെറിയ ജോലി മാത്രമാണ്. സിനിമയിലെത്തിയ ഇക്കാലയളവിനിടയില്‍ ആശ്വാസത്തോടെ സെറ്റിലെത്തിയതും ഇപ്പോഴാണ്- സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍.