തട്ടിയെടുത്ത ബോട്ടുകള്‍ ഉപയോഗിച്ച് ഭീകരര്‍ ഇന്ത്യയില്‍ എത്തുമെന്ന് വിവരം ; ഗോവയില്‍ കനത്ത ജാഗ്രത
ഗോവന്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദേശം. ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡ് ആണ് വിവരം നല്‍കിയത്. ഗോവയ്ക്ക് മാത്രമല്ല മുംബൈ, ഗുജറാത്ത്, തീരത്തും മുന്നറിയിപ്പ് സന്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
മുന്‍പ് പാകിസ്താന്‍ ഇന്ത്യയില്‍നിന്നും പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്നാണ് ഗോവന്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.