‘എബിവിപിക്ക് എന്താ എസ്എഫ്ഐയെ പേടിയാണോ’


തൃശൂര്‍: എബിവിപി പ്രവര്‍ത്തകരെ വെല്ലുവിളിച്ച് എസ്എഫ്ഐ വനിതാ നേതാവ് സരിത. കുന്നംകുളം വിവേകാനന്ദ കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് എബിവിപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. പരിസ്ഥിതി ദിനത്തില്‍ എസ്എഫ്ഐ സംഘടിപ്പിച്ച വൃക്ഷത്തൈ നടല്‍ തടയാനെത്തി ഭീഷണിപ്പെടുതുകയായിരുന്നു. എബിവിപി ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ പരിപാടി നിശ്ചയിച്ചതു പോലെതന്നെ നടത്തിക്കാട്ടി സരിത.

എസ്എഫ്ഐ കോളേജ് കാമ്പസില്‍ വൃക്ഷത്തൈ നടുന്ന പരിപാടി ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്. എസ്എഫ്ഐ ഏര്യാ പ്രസിഡന്റിനെയും ഇതിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നു, പുറത്തുള്ള വ്യക്തിയായതിനാല്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. എന്നാല്‍ പുറത്തു നിന്നുള്ള ഒരു വ്യക്തിയെ കൊണ്ടുവന്ന് പരിപാടി നടത്താന്‍ സമ്മതിക്കില്ല എന്ന് എബിവിപി നിലപാട് എടുക്കുകയായിരുന്നു.

ഇതിനിടയില്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ കുന്നംകുളം ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സരിതയ്ക്കെതിരെ എബിവിപി ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ഈ പരിപാടി ഇവിടെ നടത്താന്‍ സമ്മതിക്കില്ലെന്നും നടത്തിയാല്‍ അതിന്റെ അനനന്തര ഫലം അനുഭവിക്കുമെന്നും എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിയുയര്‍ത്തി. എന്നാല്‍ എസ്എഫ്ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബിവിപിയല്ല എന്ന മറുപടിയാണ് സരിത നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എബിവിപിക്ക് എന്താ എസ്എഫ്ഐയെ പേടിയാണോ എന്ന സരിതയുടെ ചോദ്യവും വൈറലായിരുന്നു.

ഭൂരിപക്ഷമുള്ള കോളേജില്‍ മറ്റ് സംഘടനകള്‍ക്ക് എബിവിപി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. യുണിയന്റെ പല പരിപാടികള്‍ക്കും അവര്‍ പുറത്തു നിന്നുള്ളവരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ എസ്എഫ്ഐ നടത്തുന്ന പരിപാടികള്‍ക്ക് ആ ഒരു സൗകര്യം നിഷേധിക്കുകയും പ്രവര്‍ത്തകരെ കായികപരമായും മാനസികപരമായും ആക്രമിക്കുകയും ചെയ്യുന്നു. പ്രിന്‍സിപ്പല്‍ അനുമതി തന്ന പരിപാടി നടത്തുന്നതിനെ എതിര്‍ക്കുന്നതു പോലും അവരുടെ ഫാസിസ്റ്റ് സ്വഭാവത്തെയാണ് കാണിക്കുന്നത് എന്ന് സരിത പറഞ്ഞു.