പ്രളയം ; പട്ടികജാതി കുടുംബങ്ങൾക്കുള്ള ധനസഹായം അര്‍ഹതയുള്ളവര്‍ക്ക് കിട്ടുന്നില്ല എന്ന് ആക്ഷേപം

പ്രളയം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ദുരിതത്തില്‍ നിന്നും ആരും കരകയറിയിട്ടില്ല എന്നതാണ് സത്യം. പ്രളയ ദുരിതത്തില്‍ ഇപ്പോഴും വലയുന്ന പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വകുപ്പിന്റെ അടിയന്തര ധനസഹായം മൂന്ന് മാസത്തിന് ശേഷം കിട്ടുന്നത് അപേക്ഷിച്ചവരിലെ പകുതിയോളം പേര്‍ക്ക് മാത്രം എന്ന് ആക്ഷേപം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയദുരിതം അനുഭവിച്ച പട്ടികജാതി വിഭാഗങ്ങള്‍ തൃശൂര്‍ ജില്ലയിലാണ്. നാലരക്കോടി രൂപയാണ് ഈ ഇനത്തില്‍ ജില്ലക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുകയാവട്ടെ അപേക്ഷകരിലെ പകുതിയോളം പേര്‍ക്കും മതിയാവില്ല.

പ്രളയത്തിനിരയായ പട്ടികജാതി കുടുംബങ്ങള്‍ ഏറെ പേരും തൊഴിലുറപ്പ് തൊഴിലാളികളുമാണ്. ക്യാമ്പുകളിലും, ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവരില്‍ ഏറെ പേരും വീണ്ടും കടംവാങ്ങിയും പലിശക്കെടുത്തും കിടപ്പാടം താമസിക്കാന്‍ പാകത്തിലാക്കി മാറ്റി. 108 കുടുംബങ്ങള്‍ക്ക് കിടപ്പാടം പൂര്‍ണ്ണമായും ഇല്ലാതായി.

ഇവര്‍ ഇപ്പോഴും വിവിധ ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് തുക ഉടന്‍ ലഭ്യമാക്കി വിതരണം ചെയ്യണമെന്ന് പട്ടികജാതി-വര്‍ഗ വിദ്യഭ്യാസ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പ്രളയക്കെടുതി നേരിട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 5000 രൂപ ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതനുസരിച്ചാണെങ്കില്‍ ഒമ്പതിനായിരം പേര്‍ക്ക് മാത്രമേ തുക ലഭിക്കൂ. 17,101 കുടുംബങ്ങള്‍ പ്രളയത്തിന് മൂന്ന് മാസം പിന്നിട്ടിട്ടും ഇപ്പോഴും സര്‍ക്കാരിന്റെ സഹായം ലഭ്യമായിരുന്നില്ല.

ജില്ലയിലെ 21 ബ്‌ളോക്ക് പട്ടികജാതി ഓഫീസര്‍മാര്‍ മുഖേന ജില്ലാ ഭരണകൂടത്തിന് ലഭിച്ചത് 22,456 കുടുംബങ്ങളാണ് പ്രളയക്കെടുതി നേരിട്ടതെന്നാണ്. സര്‍ക്കാരിന്റെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ 17,590 കുടുംബങ്ങള്‍ കഴിഞ്ഞപ്പോള്‍, 4866 കുടുംബങ്ങളാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളില്‍ അഭയം തേടിയത്.

തുക അവരവരുടെ അക്കൗണ്ടുകളില്‍ ലഭിക്കുമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ തുക ലഭിച്ചത് 5355 കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു. അവശേഷിക്കുന്നത് 17,101 കുടുംബങ്ങളാണ്. ഇപ്പോഴനുവദിച്ച 4.50 കോടിയില്‍ 9000 പേര്‍ക്ക് ലഭിക്കും.

8101 കുടുംബങ്ങള്‍ക്ക് തുക ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. തദ്ദേശ വകുപ്പ്, പട്ടികജാതി വകുപ്പിന്റെയും ഭവന രഹിത പദ്ധതികളില്‍ ഉള്‍പ്പെട്ട് കുന്നിന്‍ചരുവുകളിലും മറ്റും വീട് നിര്‍മ്മിച്ച നിരവധി കുടുംബങ്ങളുടെയും വീട് പ്രളയം തകര്‍ത്തെറിഞ്ഞു.