വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല ; മോദിക്ക് എതിരെ ഒളിയമ്പുമായി അദ്വാനി
ബിജെപിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളെല്ലെന്ന തുറന്നു പറച്ചിലുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. രാഷ്ട്രീയമായ വിയോജിപ്പുള്ളവരെ ബിജെപി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്നും വിയോജിപ്പുകളും അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അദ്വാനി വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്വാനി രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനു ശേഷം ഇതാദ്യമായാണ് അദ്വാനി പരസ്യമായി പ്രതികരിച്ചത്.
രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. പാര്‍ട്ടിക്ക് രണ്ടാം സ്ഥാനവും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മൂന്നാം സ്ഥാനവും മാത്രമേ നല്‍കാവൂ. രാഷ്ട്രീയ എതിരാളികളെ ബി ജെ പി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ല. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ തെരഞ്ഞെടുപ്പിലൂടെ എല്ലാവരും ശ്രമിക്കണമെന്നും അദ്വാനി ബ്ലോഗിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതുവരെയും തനിക്കൊപ്പം നിന്ന ഗാന്ധി നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതായും അദ്വാനി ബ്ലോഗില്‍ കുറിച്ചു. അദ്വാനി ആറു തവണയായി മത്സരിച്ചുകൊണ്ടിരുന്ന ഗാന്ധി നഗര്‍ മണ്ഡലത്തില്‍ ഇത്തവണ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് മത്സരിക്കുന്നത്. ഇതില്‍ നീരസം ഉണ്ടായിരുന്നു എങ്കിലും ആദ്യമായാണ് അദ്വാനി പരസ്യമായി പ്രതികരിക്കുന്നത്.
‘രാജ്യം ആദ്യം, പിന്നെ പാര്‍ട്ടി, അവസാനം വ്യക്തി’ എന്ന തലക്കെട്ടിലാണ് അദ്വാനി ബ്ലോഗെഴുതിയത്.
അടുത്തിടെ ബിജെപിക്ക് എതിരായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം അദ്വാനി തന്റെ ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് എതിരായ വിരുദ്ധാഭിപ്രായവും അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര ജനാധിപത്യം വേണമെന്നും ബിജെപിയുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നു. ഇലക്ടറല്‍ ബോണ്ട് വിവാദത്തിലും പാര്‍ട്ടിയുടെ ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ സുതാര്യമാകണം എന്നുപറഞ്ഞ് അദ്വാനി തന്റെ അഭിപ്രായം പറയുന്നുണ്ട്.
ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതം ആകരുതെന്നും അദ്വാനി ബ്ലോഗില്‍ ആവശ്യപ്പെടുന്നു. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപോധ്യായ, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ മഹാരഥന്‍മാരായ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി എന്നുപറയുന്ന അദ്വാനി ബിജെപിയുടെ ഇപ്പോഴത്തെ പ്രധാന മുഖമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലോഗില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല.









