ശക്തമായ മഴയില്‍ മുങ്ങി കേരളം ; ആശങ്ക വേണ്ടന്നു മുഖ്യമന്ത്രി
ശക്തമായ മഴയില്‍ കേരളത്തില്‍ പല ജില്ലകളിലും ജനജീവിതം ദുസ്സഹമായി. മലപ്പുറം, ഇടുക്കി, കണ്ണൂര്‍,കോഴിക്കോട്. പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ താഴന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വയനാട്ടില്‍ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയത്ത് മീനച്ചില്‍ താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ് . വാഗമണ്‍ കാരിക്കാട് ടോപ്പില്‍ ഉരുള്‍പൊട്ടലുണ്ടായി. മീനച്ചിലാര്‍ കരകവിഞ്ഞു ഒഴുകുകയാണ് ഇപ്പോള്‍. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി.
എറണാകുളം ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠന്‍ചാലിലാണ് ക്യാമ്പ് തുറന്നത്. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അതിനിടെ സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗം അവസാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും.
വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സേനയെ അയച്ചിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് 1385 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍ തുറന്നത് – 16 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാ ഭരണ സംവിധാനത്തിന്റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നാളെ കൂടി മഴയുണ്ടാവും. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം അപ്പപ്പോള്‍ ശരിയാക്കാന്‍ കെ.എസ്.ഇ.ബിയും ശ്രമിക്കുന്നുണ്ട്.









