കേരളത്തില്‍ വീണ്ടും കൊറോണ ബാധ സ്ഥിതീകരിച്ചു

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രണ്ടാമത്തെ വ്യക്തിക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ നിന്ന് ശേഖരിച്ച 25 സാമ്പിളുകളിലെ ഒരു സാമ്പിളാണ് കൊറോണ പോസിറ്റീവ് കാണിക്കുന്നത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയുടെ സാമ്പിളാണ് ഇത്. വിദ്യാര്‍ത്ഥി ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ രോഗിയ്ക്ക് വൈറസ് ബാധയുള്ളതായി സംശയമുണ്ടായിരുന്നു. എന്നാല്‍ അന്തിമ ഫലം പുറത്തു വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു.

നേരത്തെ വുഹാനില്‍ നിന്നെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊറോണയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ നിലയില്‍ നിലവില്‍ നല്ല പുരോഗതിയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും കൊറോണ സ്ഥിരീകരിക്കുന്നത്.

പ്രതിരോധ നടപടികളെല്ലാം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആലപ്പുഴയിലെ കണ്‍ട്രോള്‍ റൂം കൂടുതല്‍ ജാഗ്രതയോടു കൂടി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ എട്ടു പേര്‍ നീരീക്ഷണത്തിലാണ്. 124 പേരെ വീടുകളില്‍ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലര്‍ത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആലപ്പുഴയിലെ ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളേജിലും നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശ്യമെങ്കില്‍ താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും.