വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ യാത്രികന് കൊറോണ വൈറസ്: വിമാനജോലിക്കാരോട് 14 ദിവസത്തേക്ക് വീടുകളില്‍ കഴിയാന്‍ ഉപദേശം

ന്യൂഡല്‍ഹി: ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത ഡല്‍ഹി നിവാസിയ്ക്ക് കൊറോണ വൈറസ് ഉള്ളതായി പരിശോധന ഫലം. അന്നേദിവസം വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരോടും കൊറോണ ടെസ്റ്റിംങ്ങുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു.

വിമാനത്തില്‍ ഉണ്ടായിരുന്നവരോട് 14 ദിവസത്തേക്ക് വീടുകളില്‍ ഒറ്റപ്പെട്ടു കഴിയണമെന്നും രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും തിങ്കളാഴ്ച എയര്‍ലൈന്‍ ജീവനക്കാരെ അറിയിച്ചു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തില്‍ യാത്ര ചെയ്ത ജോലിക്കാരടക്കം 120 പേരോടാണ് വൈറസിന് പരിശോധന വേണമെന്ന നിര്‍ദ്ദേശമെത്തിയത്. വിയന്നയില്‍ വൈറസ് ബാധ പൊതുവെ ഇല്ലാത്തതിനാല്‍ രോഗബാധിതനായ യാത്രക്കാരനെ ഡല്‍ഹി വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നില്ല.

ഇറ്റലിയില്‍ നിന്ന് റോഡ് മാര്‍ഗം വിയന്നയില്‍ എത്തിയ യാത്രക്കാരന്‍ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എത്തിയ യാത്രക്കാരന്‍ ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ ജയ്പൂരിലെഥ്റ്റിയ ഒരു ഇറ്റാലിയന്‍ ടൂറിസ്റ്റും ചൊവ്വാഴ്ച വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ രണ്ടു പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആഗോളമായി മൂവായിരത്തിലധികം പേര്‍ ഇതിനോടകം വൈറസ് ബാധിച്ചു മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ട് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് കേസുകള്‍ ഇന്ത്യയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തേക്ക് മടങ്ങിയെത്തിയ അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുകയും അണുബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം രണ്ടു വിദ്യാര്‍ത്ഥികളും സുഖം പ്രാപിച്ച് കഴിഞ്ഞ മാസം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേസമയം അണുബാധ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.