കൊറോണ ഇന്ന് ഏഴ് മരണം ; മധ്യപ്രദേശില്‍ മാത്രം മൂന്നുപേര്‍

കൊറോണ ബാധിച്ച് ഇന്ന് ഏഴു മരണം. മധ്യപ്രദേശില്‍ മൂന്ന് പേരും രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000വും കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 68 ആണ് മരണസംഖ്യ.

മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതു വരെ 490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ 2 ന് മരിച്ച അമരാവതി സ്വദേശിയുടേത് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. കര്‍ണാടക ബാഗല്‍കോട്ടില്‍ കൊറോണ സ്ഥിരീകരിച്ചയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ കര്‍ണാടകയില്‍ കൊറോണ മരണം നാലായി. ഇന്നലെ മാത്രം 478 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 92 പേര്‍ ഡല്‍ഹിയില്‍ നിന്നും 67 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്.

ഏപ്രില്‍ മാസം അവസാനംവരെ കോവിഡ് ബാധിതരുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍തന്നെ വരുന്ന ആഴ്ചകള്‍ ഏറെ നിര്‍ണായകമാണ്.