24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ചത് 195 പേര്‍

രാജ്യത്ത് കൊറോണ മരണനിരക്കില്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 195 പേരാണ്. 24 മണിക്കൂറിനിടെ 3900 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്താകെ കൊവിഡ് ബാധിച്ചത് 46,433 പേര്‍ക്കാണ്. 12727 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്താകെ ഇതുവരെ മരിച്ചത് 1568 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് മെയ് പകുതിയോടെ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെതന്നെ നീതി ആയോഗും ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു.

മഹാരാഷ്ട്ര,ഗുജറാത്ത്,ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ വൈറസ് ബാധ രൂക്ഷം,മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14000 കടന്നു.ഇവിടെ മരണം 583ആണ്.2465 പേര്‍ക്കാണ് രോഗം ഭേദമായത്. ഗുജറാത്തില്‍ 5804 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്,ഡല്‍ഹിയില്‍ 4898 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 3550 കൊറോണ വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.രാജസ്ഥാനില്‍ ഇതുവരെയുള്ളത് 3061 കൊറോണ വൈറസ് കേസുകളാണ്.