കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു ; ഒരു മരണം
കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. അന്‍പത് പേര്‍ രോഗമുക്തരായിട്ടുണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21ാം തിയതി മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം മലപ്പുറത്ത് എത്തിയവരാണ് ഇവര്‍. വീട്ടില്‍ ക്വാറന്റീന്‍ കഴിഞ്ഞ ഇവരെ രോഗ ലക്ഷണം കണ്ടുതുടങ്ങിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അതേസമയം മരണപ്പെട്ട ഹംസക്കോയയ്ക്ക് ഹൃദയസംബന്ധമായ രോഗം ഉണ്ടായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും രോഗബാധിതരുടെ എണ്ണം മൂന്നക്കം കടന്നു. കോറോണ സ്ഥിരീകരിച്ചവറില്‍ 64 പേര്‍ വിദേശത്തു നിന്നും വന്നവരും 34 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 10 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്.
കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് പുതുതായി 10 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇതോടെ നിലവില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 138 ആയി.









