മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു ; എതിര്‍പ്പുമായി സംഘപരിവാര്‍ രംഗത്ത്

1921ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. മലയാള രാജ്യ0′ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും ചിത്രത്തിന്റെ പ്രമേയം. ചലച്ചിത്ര താരം പൃഥ്വിരാജാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ലോകത്തിനെ അറിയിച്ചിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് അബു(Aashiq abu)-പൃഥ്വിരാജ് (Prithviraj) കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് വാരിയംകുന്നന്‍. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.’- എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ആഷിഖ് അബുവിന്റെ സിനിമകളോട് താല്പര്യമുള്ളതായി ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടു സിനിമകള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും പിന്നീടത് നടപ്പായില്ലെന്നും പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു.

അതേസമയം സിനിമയുടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ കനത്ത ആക്രമണമാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സിനിമയെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രവഹിക്കുകയാണ് ഇപ്പോള്‍. അതുപോലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വതന്ത്ര സമരപോരാളി അല്ല എന്ന തരത്തിലുള്ള പോസ്റ്റുകളും ഒന്നൊന്നായി പുറത്തു വരികയാണ്.