മയക്കുമരുന്ന് കേസ്, നിക്കിഗല്‍റാണിയുടെ സഹോദരി അറസ്റ്റില്‍

ബാംഗ്‌ളൂര്‍ : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സൌത്ത് ഇന്ത്യന്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും സിനിമാ താരവുമായ സഞ്ജന ഗല്‍റാണി അറസ്റ്റില്‍. സഞ്ജനയുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് താരത്തെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് വാറണ്ടുമായി നടിയുടെ വീട്ടില്‍ എത്തിയത്. ഇന്നലെ ക്രൈം ബ്രാഞ്ച് നടിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു, എന്നാല്‍ നടി ഹാജരായില്ല, ഇതിനു പിന്നാലെയാണ് താരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു.

മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.