ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ക്ക് 37 വയസ് ; ഓര്‍മ്മകള്‍ പങ്കുവെച്ചു റഹ്‌മാന്‍

ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു മലയാള താരം റഹ്‌മാന്‍. എണ്‍പതുകളില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ചിലപ്പോഴൊക്കെ അവര്‍ക്കും മുകളില്‍ സൂപ്പര്‍ താരമായിരുന്നു റഹ്‌മാന്‍. റഹ്‌മാന്‍ സിനിമകളും പാട്ടുകളും ഡാന്‍സുമെല്ലാം അന്നത്തെ യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു. മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്നിരുന്ന താരം ഒരു സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് . സിനിമയില്‍ എത്തിയിട്ട് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം.

1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ സിനിമയിലെത്തുന്നത്. രവി പുത്തൂരാന്‍ എന്ന വികൃതിയായ വിദ്യാര്‍ഥിയായി റഹ്‌മാന്‍ മലയാള സിനിമയിലേക്ക് ചേക്കേറി.വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ ആലീസ് എന്ന അധ്യാപികയുടെ വേഷത്തില്‍ സുഹാസിനിയും ആലീസിന്റെ കാമുകനായ ക്യാപ്റ്റന്‍ തോമസായി മമ്മൂട്ടിയുമെത്തി. ആദ്യ സിനിമയില്‍ തന്നെ ആ വര്‍ഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്‌മാന്‍ നേടിയിരുന്നു. ഇപ്പോള്‍ മലയാളത്തേക്കാള്‍ തമിഴ് , തെലുങ്ക് സിനിമകളില്‍ സജീവമാണ് റഹ്‌മാന്‍.