ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒടിടി,ഷോപ്പിങ് പോര്‍ട്ടലുകളെയും വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴിലാക്കി വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഓണ്‍ലൈന്‍ സിനിമ, ദൃശ്യ – ശ്രാവ്യ പരിപാടികള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയെ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴിലാക്കി രാഷ്ട്രപതി ഒപ്പിട്ട വിജ്ഞാപനമിറങ്ങി. ഒടിടി പ്ലാറ്റ്ഫോമുകളായ ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയും ഉള്‍പ്പെടും. കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ ചട്ടങ്ങള്‍ ഇവക്കും ബാധകമാണ്. ചട്ടലംഘനം കണ്ടെത്തിയാല്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം.

വ്യാജവാര്‍ത്ത, വിദ്വേഷ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ തടയുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിജ്ഞാപനം മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിടുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് നിയമമോ സ്വയം ഭരണ സമിതിയോ ഇല്ലാത്തതിനാല്‍ ഉന്നതാധികാരമുള്ള സമിതി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി വന്നിരുന്നു. ഹരജിയില്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

സുശാന്ത് രാജപുത് കേസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും ഹരജികള്‍ കോടതികളില്‍ എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാരിന്റെ നടപടി. അതേസമയം ജനങ്ങള്‍ എന്ത് കാണണം അറിയണം വാങ്ങണം എന്നുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുകയാണ് എന്നുള്ളത് വ്യക്തം.