സിംഹങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ഗുജറാത്തിലെ ഗിര്‍വനത്തില്‍ ആണ് സംഭവം. രണ്ട് സിംഹങ്ങളെ ബൈക്കില്‍ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ ആണ് അറസ്റ്റിലായത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ബുധനാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബൈക്കില്‍ സിംഹങ്ങളെ പിന്തുടരുന്നതും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും ഹോണടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ബൈക്കില്‍ പോകവെ സിംഹങ്ങളെ കാണുകയും പിന്തുടരുകയുമായിരുന്നു. ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. സമീപപ്രദേശമായ സരസിയ ഗ്രാമത്തില്‍ നിന്നുള്ള യൂനിസ് പത്താനെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
‘വീഡിയോ പുറത്തുവന്ന ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചു. ഗിര്‍ ഈസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ തുല്‍സിഷ്യം റേഞ്ചിലെ ഗാദിയ ഗ്രാമത്തില്‍ നിന്നും ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് ബോധ്യമായി. യൂനിസ് പതാന്‍ എന്നയാളാണ് അറസ്റ്റിലായ ഒരാള്‍, രണ്ടാമന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ”- ജുനഗഢ് ചീഫ് കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ്‌സ് ഡി ടി വാസവദ പറഞ്ഞു.
സിംഹങ്ങളെ ഉപദ്രവിക്കുകയോ മറ്റ് ചെയ്യുന്നത് ഗുരുതരമായ കുറ്റ കൃത്യമാണെന്നും മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷയോ 25,000 രൂപ പിഴയും ലഭിക്കാമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മുന്‍പും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ശക്തമായ നടപടിക്ക് വിധേയമാക്കുകയും ചെയ്തതായും വനംവകുപ്പ് അറിയിച്ചത്. ഇത്തരം സംഭവങ്ങളില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല.









